
കുവൈത്ത്: പ്രവാചക പ്രകീർത്തനത്തിൽ ആനന്ദം നേടിയ ആയിരങ്ങളുടെ മഹാസംഗമം തീർത്ത് കുവൈത്ത് ഐ.സി.എഫ്. സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര മീലാദ് സമ്മേളനം സമാപിച്ചു. ബഹു. ഇന്ത്യൻ അംബാസഡർ ശ്രീ. അജയ് മൽഹോത്ര ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ എസ്.വൈ.എസ്. സംസ്ഥാന അധ്യക്ഷൻ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ സന്ദേശ പ്രഭാഷണം നടത്തി. പ്രവാചക സ്നേഹത്തിന്റെ മാർഗത്തിൽ എത്ര തന്നെ ചെലവഴിച്ചാലും അത് അധികമാവുകയില്ലെന്നും നമ്മുടെ ജീവിതവും മരണവുമെല്ലാം പ്രവാചക സ്നേഹത്തിലുമായിരിക്കണമെന്നും എങ്കിൽ മാത്രമേ ജീവിതവിജയം കരസ്ഥമാവുകയുള്ളൂവെന്നും കാന്തപുരം തന്റെ മദ്‌ഹുറസൂൽ പ്രഭാഷണത്തിൽ പറഞ്ഞു.

പ്രവാചകനെ നിന്ദിക്കുന്നത് ഇസ്ലാമിനെ നിന്ദിക്കുന്നതിന് തുല്യമാണ്. അവർ പിഴച്ചവരും മതത്തിൽ സ്ഥാനമില്ലാത്തവരുമാണ്. തന്റെ ജീവനേക്കാൾ പ്രവാചകരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത പ്രവാചകാനുചരരുടെ ചരിത്രം ഓർമിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വ്യക്തമായ പരമ്പരയുടെ കരുത്തോടെ തനിക്ക് ലഭിച്ച തിരുകേശത്തെ വിമർശിക്കുന്നവരെ അവഗണിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട്, തിരുകേശ സൂക്ഷിപ്പിനായി നിർമിക്കുന്ന മസ്ജിദിനെ വിശ്വാസി സമൂഹം ഏറ്റെടുത്തുകഴിഞ്ഞുവെന്ന് ആയിരങ്ങളുടെ തക്ബീർ ധ്വനിക്കിടെ അദ്ദേഹം പ്രഖ്യാപിച്ചു.
No comments:
Post a Comment